വൈക്കം മുഹമ്മദ്‌ ബഷീര്‍

ബഷീര്‍ ചിരിക്കുന്നു ചിന്തിക്കുന്നു

രാധാകൃഷ്ണന്‍
ബഷീര്‍ ചിരിക്കുന്നു  ചിന്തിക്കുന്നു

മലയാളത്തില്‍നിന്ന് വിശ്വസാഹിത്യകാരനായി ഉദിച്ചുയര്‍ന്ന വൈക്കം മുഹമ്മദ് ബഷീറിന്‍െറ ചരമവാര്‍ഷികദിനമാണ് ജൂലൈ അഞ്ച്. 1994 ജൂലൈ അഞ്ചിനാണ് മലയാളത്തിന്‍െറ പ്രിയപ്പെട്ട ബേപ്പൂര്‍ സുല്‍ത്താന്‍ ഓര്‍മയായത്. ഈ ദിനത്തില്‍ അദ്ദേഹത്തെ നമുക്ക് വീണ്ടും സ്മരിക്കാം.
ഏഴാംക്ളാസില്‍ ‘ഭൂമിയുടെ അവകാശികളി’ലെ ഒരു ഭാഗം ‘തേന്മാവ്’ എന്ന പേരിലും, എട്ടാം ക്ളാസില്‍ ‘ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’വിലെ ഭാഗം ‘കിനാവുകളുടെ കാലം’ എന്ന പേരിലും, ഒമ്പതാം ക്ളാസില്‍ ‘ഭൂമിയുടെ അവകാശികള്‍ വായിക്കുമ്പോള്‍’ എന്നപേരില്‍ പി.കെ. രാജശേഖരന്‍െറ ഗദ്യഭാഗവും, ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷക്കാര്‍ക്ക് ഡോക്യുമെന്‍ററിയെ പരിചയപ്പെടാന്‍ എം.എ. റഹ്മാന്‍ എഴുതിയ ‘ബഷീര്‍ ദ മാന്‍’ എന്നതും ബഷീറുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണ്.
ഈ ഭാഗങ്ങളിലെല്ലാം പൊതുവായി വിവക്ഷിക്കപ്പെടുന്നത് പ്രകൃതിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന വിവരണങ്ങളാണ്. പ്രകൃതിയോടടുക്കാന്‍ നമുക്ക് ഇത് പ്രചോദനമാകേണ്ടതാണ്. അതിനുള്ള പഠനപ്രവര്‍ത്തനങ്ങളും ഗൃഹപാഠങ്ങളും ഏറെ ശ്രദ്ധയോടെ നാം ചെയ്യേണ്ടതുണ്ട്. ഒപ്പം, വായനയിലേക്ക് കുട്ടികള്‍ നയിക്കപ്പെടണം. കൂടാതെ, സ്വാര്‍ഥമായ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രവണതകള്‍ക്കെതിരെ നമുക്ക് കൈകോര്‍ക്കുകയും വേണം.
ബഷീറിന്‍െറ
ജാഗ്രതകള്‍
പ്രമാണം:Basheer.jpg
തൂലികത്തുമ്പുകൊണ്ട് ജീവിതം വരച്ചിട്ടതോടൊപ്പം, പ്രകൃതിയുടെയും സകലമാന പക്ഷിമൃഗാദികളുടെയും നിലനില്‍പ്പിന്‍െറ വക്താവായി മാറുകയുംചെയ്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. അത് അദ്ദേഹത്തിന്‍െറ സാഹിത്യജീവീതത്തില്‍ അനുയാത്ര നടത്തിയ വസ്തുതയായാണ് കാണപ്പെടുന്നത്.
എഴുത്തുമാത്രമല്ല, സ്വന്തമായശൈലി രൂപവത്കരിച്ച് സാഹിത്യത്തിലും സമൂഹത്തിലും സംസ്കാരത്തിലും ശക്തമായി നിന്നു എന്നതാണ് ബഷീറിന്‍െറ മഹത്വം.
അധികമെന്തെങ്കിലും എഴുതിയെന്ന് അദ്ദേഹത്തെക്കുറിച്ച് അവകാശപ്പെടാനില്ല. എന്നാലും, എഴുതിയതിലൊക്കെ മനുഷ്യന്‍െറയും അവന്‍ നിലനില്‍ക്കുന്ന ഈ പ്രകൃതിയുടെയും ശ്വാസനിശ്വാസങ്ങള്‍ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.
കഥാപാത്രങ്ങളാകട്ടെ, നമ്മുടെ ഏതൊരു സാമൂഹികപരിസരത്തും കണ്ടുമുട്ടുന്നവരാണ്. അവരാരായാലും, എന്തായാലും അവര്‍ക്ക് പറയാനുണ്ടായിരുന്നതും അവരെക്കൊണ്ടു പറയിപ്പിക്കാനുണ്ടായിരുന്നതും ജീവിതവും പ്രകൃതിയും ഇഴചേര്‍ന്നുനില്‍ക്കുന്ന സത്യങ്ങളായിരുന്നു.
പ്രേമോപഹാരം
കക്കൂസ് നിര്‍മാണം!
നോക്കൂ, ‘ന്‍റുപ്പൂപ്പാക്ക് ഒരാനേണ്ടാര്‍ന്ന്’ എന്ന നോവലില്‍ ബഷീര്‍ തന്‍െറ കഥാപാത്രമായ പുരോഗമന ആശയക്കാരന്‍ നിസാര്‍ അഹമ്മദിനെക്കൊണ്ട് കുഞ്ഞിപ്പാത്തുമ്മാക്ക് തന്‍െറ പ്രേമോപഹാരമായി നല്‍കിയിരിക്കുന്നത് എന്താണെന്നറിയാമോ..? വീട്ടുമുറ്റത്ത് കക്കൂസ് നിര്‍മിച്ചുനല്‍കിയാണ് ആ പ്രണയം പൂത്തുവിരിയുന്നത്. സ്വതസിദ്ധമായ ശൈലിയില്‍ വരച്ചിടുന്ന ഈ കൃതി 1951ലാണ് രചിച്ചത് എന്ന് നാം പ്രത്യേകം ഓര്‍ക്കണം. ഇന്ന് അത് വായിക്കുമ്പോള്‍ നാം എന്തെല്ലാം കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആസ്വദിക്കുകയും ചിന്തിക്കുകയും വേണ്ടിയിരിക്കുന്നു.
വരൂ നമുക്ക് ഒരു മരം നടാം,
പിന്നെ കായ പറിക്കാം...
‘‘എന്താ നിന്‍െറ പേര്?’’
‘‘സുഹാസിനി.’’
‘‘ഏതു ക്ളാസില്‍ പഠിക്കുന്നു?’’
‘‘സിക്സ്ത്തില്‍.’’
‘‘കുട്ടി ഏതാ?’’
‘‘ഞാന്‍ ചുമട്ടുകാരന്‍ മാധവന്‍െറ മകളാ.’’
‘‘തൊഴിലാളിയുടെ മകളാണല്ളേ? തൊഴിലാളികള്‍ ജയിക്കട്ടെ.’’
ഞാന്‍ മുറിയില്‍ പോയി പേന എടുത്തുകൊണ്ടുവന്ന് സുഹാസിനിയുടെ ഓട്ടോഗ്രാഫ് ബുക്കില്‍ ‘സുഹാസിനിക്ക് സര്‍വ്വമംഗളങ്ങളും നേരുന്നു’ എന്നെഴുതി ഒപ്പിട്ടുകൊടുത്തു.എന്നിട്ട് സുഹാസിനിയോട് ചോദിച്ചു.
‘‘ചാമ്പങ്ങ തിന്നണോ?’’
‘‘തിന്നിട്ടുണ്ട്’’, അവള്‍ പറഞ്ഞു.
ഞാന്‍ ഒരു വലിയ കടലാസ് കൊണ്ടുവന്നു. ചാമ്പമരത്തില്‍ കയറി ഒരമ്പതു മുഴുത്തതും ചുവന്നതും പറിച്ചു കെട്ടിക്കൊടുത്തിട്ടു പറഞ്ഞു: ‘‘സുഹാസിനീ, ഈ ചാമ്പമരം ഞാന്‍ നട്ടുപിടിപ്പിച്ചതാണ്.’’
‘‘നേരോ?’’
‘‘നേര്!’’
അവള്‍ തൊഴുതിട്ട് പോയി.
(പാത്തുമ്മയുടെ ആട് -അധ്യായം 2)
ഇവിടെ ബഷീറിന്‍െറ പ്രകൃതി സ്നേഹം വിശാലമായി പ്രകടിപ്പിക്കപ്പെടുന്നു. ഒരുപക്ഷേ, ഈ സംഭാഷണശകലം മരം വെച്ചുപിടിപ്പിച്ച് അതില്‍ കായ്ഫലമുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയെ പ്രതിഫലിപ്പിക്കുന്നു. മരം വരമാണ്. ബഷീര്‍തന്നെ വെച്ചുപിടിപ്പിച്ചതാണ് ഈ മരം എന്നത് പ്രത്യേകം പ്രസ്താവിക്കപ്പെടുന്നത് വായനക്കാര്‍ക്കുള്ള സന്ദേശമാണ്. പുതിയതലമുറകള്‍ക്കുള്ള സന്ദേശമാണ്. ഇത് നമുക്ക് ഓരോരുത്തര്‍ക്കുമുള്ള പാഠമാകേണ്ടതല്ളേ?
നോക്കൂ, മറ്റൊരു ഭാഗം: ‘വീട്ടില്‍ എപ്പോഴും നല്ല ഹരമാണ്.ചന്തകൂടിയ ബഹളം. കുട്ടികള്‍, പൂച്ചകള്‍, കോഴികള്‍, പെണ്ണുങ്ങള്‍,പരുന്തുകള്‍, എലികള്‍, കാക്കകള്‍, എല്ലാവരുംകൂടി നല്ളൊരു മേളമാണ് സൃഷ്ടിക്കുന്നത്.
ഈ പറയപ്പെട്ട ബഹളത്തില്‍ ഞാന്‍ നോക്കുമ്പോള്‍ വന്നിരിക്കുന്നു ഒരാട്’. (പാത്തുമ്മയുടെ ആട്)
ഇവിടെ ബഷീറിന്‍െറ ഭൂരിപക്ഷ കൃതികളും പുതിയ വായനാപരിസരത്തുനിന്ന് വായിക്കാനും, മനുഷ്യനോടൊപ്പം മറ്റെല്ലാ ജീവികള്‍ക്കും പ്രാധാന്യം കല്‍പിക്കാനും പ്രചോദനം നല്‍കുകയാണ്.
ചായകുടിച്ച് ഗ്ളാസ് കമിഴ്ത്തിവെച്ച് ബഷീര്‍ നടന്നുപോകുന്നത് ബാക്കിവരുന്ന ഒരിറ്റുചായയില്‍ പ്രാണികീടങ്ങള്‍ മുങ്ങിച്ചാകാതിരിക്കാന്‍തന്നെയാണ്. ഇതില്‍പരം പ്രപഞ്ചസ്നേഹത്തെ നമുക്ക് ആസ്വദിക്കാന്‍, ആശ്വസിക്കാന്‍ ഒരു എഴുത്തുകാരന്‍ എന്തുതരാനാണ്?!ബഷീറിന്‍െറ പ്രധാന കൃതികള്‍
നോവലുകള്‍: പ്രേമലേഖനം, ബാല്യകാലസഖി, ശബ്ദങ്ങള്‍, ന്‍റുപ്പൂപ്പാക്കൊരനേണ്ടാര്‍ന്നു, മരണത്തിന്‍െറ നിഴലില്‍, ജീവിത നിഴല്‍പ്പാടുകള്‍, പാത്തുമ്മയുടെ ആട്, മതിലുകള്‍, താരാ സ്പെഷ്യല്‍സ്, മാന്ത്രികപ്പൂച്ച, അനുരാഗത്തിന്‍െറ ദിനങ്ങള്‍, പ്രേംപാറ്റ, തുടര്‍ക്കഥ, മുച്ചീട്ടുകളിക്കാന്‍െറ മകള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, ആനവാരിയും പൊന്‍കുരിശും.
ചെറുകഥാസമാഹാരങ്ങള്‍: ജന്മദിനം, അനര്‍ഘനിമിഷം, വിഡ്ഢികളുടെ സ്വര്‍ഗം, പാവപ്പെട്ടവരുടെ വേശ്യ, ഭഗവദ്ഗീതയും കുറെ മുലകളും, ആനപ്പൂട, ഭൂമിയുടെ അവകാശികള്‍, ഭാര്‍ഗവീനിലയം, ശിങ്കിടിമുങ്കന്‍, വിശപ്പ് , വിശ്വവിഖ്യാതമായ മൂക്ക്, യാ ഇലാഹി, ചിരിക്കുന്ന മരപ്പാവ.
ആത്മകഥാകുറിപ്പ്: ഓര്‍മയുടെ അറകള്‍.
ബാലസാഹിത്യം: സര്‍പ്പയഞ്ജം.
തിരക്കഥ: ഭാര്‍ഗവീനിലയം
നാടകം: കഥാബീജം , ജീവചരിത്രം: എം.പി. പോള്‍.
എണ്ണമറ്റകൃതികള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും തര്‍ജമ ചെയ്തിട്ടുണ്ട്.
എഴുതപ്പെട്ട കൃതികള്‍
ബഷീറിനെക്കുറിച്ചും അദ്ദേഹത്തിന്‍െറ കൃതികളെക്കുറിച്ചും
നിരവധി പുസ്തകങ്ങള്‍ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. അവയില്‍ ചിലത്:
മരുഭൂമികള്‍ പൂക്കുമ്പോള്‍: പ്രഫ. എം.എന്‍. വിജയന്‍.
ബഷീര്‍ ഏകാന്തവീഥിയിലെ അവദൂതന്‍,
ബഷീര്‍ വര്‍ത്തമാനത്തിന്‍െറ ഭാവി: എഡിറ്റര്‍ എം.കെ. സാനു
ബഷീറിന്‍െറ ലോകം: സമ്പാ: എം.എം. ബഷീര്‍.
ബഷീറിന്‍െറ ഐരാവതങ്ങള്‍: എഡിറ്റര്‍: ഇ.എം. അഷ്റഫ്.
ആടും മനുഷ്യരും: എഡിറ്റര്‍: എം.എ. റഹ്മാന്‍
മുമ്പേ നടന്ന ബഷീര്‍: എഡിറ്റര്‍: പോള്‍ മണലില്‍.
ബഷീറിന്‍െറ പൂങ്കാവനം, നന്മയുടെ വെളിച്ചം: എം.എന്‍. കാരശ്ശേരി.
ഡോക്യുമെന്‍ററി: ബഷീര്‍ ദ മാന്‍: എം.എ. റഹ്മാന്‍.
ബഷീറിന്‍െറ കത്തുകള്‍: കെ.എ. ബീന.
വൈക്കം മുഹമ്മദ് ബഷീര്‍: ദാര്‍ശനികനായ സാഹിത്യകാരന്‍: പി.കെ. പാറക്കടവ്.
ബഷീറും സ്വാതന്ത്ര്യസമരവും
തലയോലപ്പറമ്പ് മുഹമ്മദന്‍ എല്‍.പി സ്കൂളിലായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്‍െറ പ്രാഥമികവിദ്യാഭ്യാസം. 1921-25 കാലത്ത് വൈക്കം ഇംഗ്ളീഷ് സ്കൂളില്‍ പഠിച്ചു. തുടര്‍ന്ന്, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വൈക്കം സത്യഗ്രഹത്തില്‍ ബഷീര്‍ ആകൃഷ്ടനായി. സമരവുമായി ബന്ധപ്പെട്ട് വൈക്കത്തു വന്ന മഹാത്മജിയെ തൊട്ടത് ജീവിതത്തിലെ അനര്‍ഘനിമിഷമായാണ് അദ്ദേഹം കണ്ടത്. സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്‍െറപേരില്‍ സ്കൂളില്‍നിന്ന് പുറത്താക്കാനിരിക്കെ സ്കൂള്‍പഠനം നിര്‍ത്തി. 1930ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടത്തെി. ഇതില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട് കോഴിക്കോട് സബ്ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും തടവുകാരനായി. ഭഗത്സിങ്ങിനെ തൂക്കിക്കൊന്നതിനെ തുടര്‍ന്ന് അഹിംസാ സമരത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ബഷീര്‍ 1931ല്‍ എറണാകുളത്ത് തിരിച്ചത്തെി ‘വാനരസേന’ എന്ന പേരില്‍ ഭീകരസംഘം രൂപവത്കരിച്ചു. 1936ല്‍ മടങ്ങിയത്തെിയ ബഷീര്‍ ദീപം, രാജ്യാഭിമാനി , പൗരനാദം തുടങ്ങിയ ആനുകാലികങ്ങളില്‍ അതിശക്തമായ രാഷ്ട്രീയലേഖനങ്ങള്‍ എഴുതി. ‘ഹതഭാഗ്യയായ എന്‍െറ നാട്’ എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന് 1938ല്‍ ദീപം കണ്ടുകെട്ടുകയുണ്ടായി.
ബഷീറും സിനിമയും
വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ മൂന്നു കൃതികള്‍ മലയാളത്തില്‍ സിനിമയായിട്ടുണ്ട്. ‘ഭാര്‍ഗവീ നിലയം’ എന്ന പേരില്‍ സിനിമയായത് ബഷീറിന്‍െറ ‘നീലവെളിച്ചം’ എന്ന കൃതിയാണ്. ബഷീര്‍തന്നെയായിരുന്നു തിരക്കഥ രചിച്ചത്. ‘ബാല്യകാലസഖി’യാണ് സിനിമയായ മറ്റൊരുകൃതി. പി. ഭാസ്കരനായിരുന്നു സംവിധായകന്‍. പ്രേംനസീറായിരുന്നു നായകന്‍. ‘മതിലുകളാ’ണ് സിനിമയായ മറ്റൊരു കൃതി. അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു സംവിധായകന്‍. നായകനായി അഭിനയിച്ചത് മമ്മൂട്ടി. ഈ സിനിമയിലെ അഭിനയത്തിന് 1990ല്‍ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു.
കടപ്പാട് : മാധ്യമം