ഭക്ഷ്യസുരക്ഷ ഓർമ്മപ്പെടുത്തി ലോക പരിസ്ഥിതി ദിനം

മരണാസന്നയായ പ്രകൃതിയെ സംരക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു ലോക പരിസ്ഥിതി ദിനം. ഭക്ഷ്യസുരക്ഷയുടെ ഓര്‍മ്മപ്പെടുത്തലുമായാണ് ഈ വര്‍ഷം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ചിന്തിക്കുക, ഭക്ഷിക്കുക, രക്ഷിക്കുക എന്നതാണ് ഈ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നതിനെതിരെയും ഭക്ഷ്യമാലിന്യങ്ങള്‍ക്കെതിരെയുമുള്ള മുന്നറിയിപ്പാണ് പരിസ്ഥിതി ദിനം മുന്നോട്ടുവെക്കുന്നത്.



ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഓരോവര്‍ഷവും 1.5 മില്യണ്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാഴായിപ്പോകുന്നുണ്ട്. സബ് സഹാറന്‍ ആഫ്രിക്കയില്‍ പ്രദേശത്തെ ജനതക്ക് ഒരു വര്‍ഷം ആകെ വേണ്ട ഭക്ഷണപദാര്‍ത്ഥത്തിന്റെ അളവിനോളം വരുമിത്. ലോകത്തെ ഏഴില്‍ ഒരാള്‍ പട്ടിണി നേരിടുന്നുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള 20,000ത്തോളം കുട്ടികള്‍ പ്രതിദിനം പട്ടിണിമൂലം മരിക്കുന്നു.
പോഷകാംശമില്ലാത്ത ഭക്ഷണം ലോകത്തെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യസമിതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോശം ഭക്ഷണം രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയെ ബാധിക്കുന്നുണ്ടെന്നും പോഷകാംശമില്ലാത്ത ഭക്ഷണം വ്യാപകമായതും സാമ്പത്തികമാന്ദ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നുമാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്.
കടുത്ത പോഷകാഹാരക്കുറവ് നേരിടുന്ന ഏഷ്യാ പസഫിക്ക് രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലാണെന്ന് അടുത്തിടെ പുറത്തുവന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക രംഗത്ത് ഏറ്റവും കുറഞ്ഞ മുതല്‍ മുടക്കുന്ന രാജ്യങ്ങളിലും ഇന്ത്യയുണ്ട്. ഭാവി മുന്നില്‍ കണ്ട് കാര്‍ഷിക രംഗത്തെ പരിപാലനത്തിനും പോഷാകാഹാരങ്ങള്‍ ലഭ്യമാക്കാനും ഉതകുന്ന തരത്തില്‍ കരുതല്‍ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നതിലേക്കാണ് യുഎന്‍ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഉത്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു.

1972 ജൂണ്‍ 5നാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ചുള്ള അവബോധം വളര്‍ത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
‘ഹരിത സമ്പദ് വ്യവസ്ഥയില്‍ നിങ്ങളും ഉള്‍പ്പെടുന്നില്ലേ?’ എന്നതായിരുന്ന കഴിഞ്ഞ വര്‍ഷത്തെ ദിനാചരണ സന്ദേശം.